മനോഹരമായ ഒരു സിനിമ. സോള്‍ട്ട് ആന്‍റ് പെപ്പര്‍ എന്ന സിനിമയെ ഇങ്ങനെ വിശേഷിപ്പിക്കാം. ഒരാഴ്ചയായി കാത്തിരിക്കുകയായിരുന്നു ഈ ചിത്രത്തിന്റെ ബാംഗ്ലൂര്‍ റിലീസിനു വേണ്ടി. എന്തായാലും സോള്‍ട്ട് ആന്‍റ് പെപ്പര്‍ നിരാശപ്പെടുത്തിയില്ല. വ്യത്യസ്തയുള്ള പ്രമേയം ആണ് ഈ ചിത്രത്തിന്‍റെ സവിശേഷത. ഭക്ഷണ പ്രേമികള്‍ക്കായി ഒരു ചിത്രം എന്ന് കൂടി വിശേഷിപ്പിക്കാവുന്ന ചിത്രമാണ് സോള്‍ട്ട് എന്‍ പെപ്പര്‍.
ടൈറ്റില്‍ സോങ്ങ് മുതല്‍ തുടങ്ങുന്നു വ്യത്യസ്തത. കേരളത്തില്‍ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന ഭക്ഷണശാലകളില്‍ കൂടെയുള്ള ഒരു ഓട്ടപ്രദക്ഷിണം ആണ് ടൈറ്റില്‍ സോങ്ങിലെ ദൃശ്യങ്ങളില്‍. തിയേറ്ററില്‍ ഉള്ള എല്ലാവരുടെയും വായില്‍ ഒരു കപ്പല്‍ ഓടിക്കാന്‍ ഉള്ള വെള്ളം ഈ കാഴ്ചകള്‍ നിറയ്ക്കും എന്നുള്ളതില്‍ സംശയം ഇല്ല.
ലാല്‍ അവതരിപ്പിക്കുന്ന കാളിദാസന്‍ എന്ന കഥാപാത്രവും ശ്വേത മേനോന്‍ അവതരിപ്പിക്കുന്ന മായ എന്ന കഥാപാത്രവും ആഹാര പ്രേമികളാണ്. ഒരു ദോശ ഓര്‍ഡര്‍ ചെയ്യാനായി മായ ചെയ്യുന്ന ഫോണ്‍ കാള്‍ നമ്പര്‍ മാറി കാളിദാസന്റെ നമ്പരിലേക്ക് എത്തുന്നതും, തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് കഥയേ മുന്നോട്ടു നയിക്കുന്നത്. കാളിദാസന്റെ ബന്ധുവായ മനുവായി ആസിഫ് അലിയും, മായയുടെ സുഹൃത്തായ മീനക്ഷിയായി മൈഥിലിയും മികച്ച റോളുകളില്‍ എത്തുന്നു. ഒപ്പം എടുത്തു പറയേണ്ട കഥാപാത്രമാണ് ബാബുരാജ് അവതരിപ്പിക്കുന്ന കാളിദാസന്റെ പാചകക്കാരനായ ബാബുവിന്റേതു. ഒരിക്കല്‍ പെണ്ണ് കാണാന്‍ പോയപ്പോള്‍ അവിടെ നിന്ന് കഴിച്ച ഉണ്ണിയപ്പം ഇഷ്ടപ്പെട്ട കാളിദാസന്‍ അവിടെ നിന്ന് ഒപ്പം കൂട്ടിയതാണ് ബാബുവിനെ. ഒരു പാചകക്കാരന്‍ എന്നതില്‍ ഉപരിയായി കാളിദാസന്റെ ഇഷ്ടാനിഷ്ടങ്ങള്‍ എല്ലാം മനസ്സിലാക്കുന്ന ഒരു പാവമാണ് ബാബു. ആര്‍ക്കിയോളജി വകുപ്പിലെ ഉദ്യോഗസ്ഥന്‍റെ വേഷം വിജയരാഘവനും മികച്ച രീതിയില്‍ അവതരിപ്പിക്കുന്നു.

അഭിനേതാക്കള്‍ എല്ലാം തന്നെ മികച്ച രീതിയില്‍ തങ്ങളുടെ കഥാപാത്രങ്ങളെ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. കാളിദാസന്റെ വേഷം ലാലിന്‍റെ കയ്യില്‍ ഭദ്രം. ശ്വേത മേനോന്‍ അവതരിപ്പിക്കുന്ന മായയും ഒപ്പത്തിനൊപ്പം മികച്ചു നില്‍ക്കുന്നു. മൈഥിലിക്ക് ഇത് വരെ ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമാണ് മീനാക്ഷി എന്ന് നിസ്സംശയം പറയാന്‍ സാധിക്കും. ആസിഫ് അലി അവതരിപ്പിക്കുന്ന മനുവിനെ ഒരു ക്യൂട്ട് കഥാപാത്രം എന്നും വിശേഷിപ്പിക്കാം. എങ്കിലും ഇവരെക്കാള്‍ അധികമായി എനിക്ക് ഇഷ്ടപ്പെട്ടത് ബാബുരാജിന്റെ പാചകക്കാരന്റെ വേഷമാണ്. സ്ഥിരം വില്ലന്‍ വേഷങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന ഈ നടന് ഇങ്ങനത്തെ റോളുകളും നിഷ്പ്രയാസം വഴങ്ങും എന്നത് അത്ഭുതപ്പെടുത്തുന്നു. മലയാള സിനിമ ഇദ്ദേഹത്തിന്റെ കഴിവുകളെ പൂര്‍ണമായും ഇത് വരെ ഉപയോഗപ്പെടുത്തിയിട്ടില്ല എന്ന് പറയേണ്ടി വെറും ഈ ചിത്രം കണ്ടാല്‍. ചെറിയ റോളുകളില്‍ എത്തുന്ന കല്പന, അഹമ്മദ് സിദ്ദിക്ക് എന്നിവരും തങ്ങളുടെ റോളുകള്‍ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.
വെറുതെ ഒരു കഥാപാത്രവും പോലും ഇല്ല ഈ ചിത്രത്തില്‍ അത് പോലെ തന്നെ അടുത്തിടെയായി മലയാള സിനിമയില്‍ കണ്ടു വരുന്ന ബോറന്‍ കോമഡി രംഗങ്ങളും ഒഴിവാക്കാന്‍ സംവിധായകന്‍ ശ്രമിച്ചിരിക്കുന്നു. ഷൈജു ഖാലിദിന്റെ ക്യാമറ വര്‍ക്ക് എടുത്തു പറയേണ്ടതാണ്. ബിജിബാല്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനങ്ങളും, അവിയല്‍ ബാന്‍ഡിന്റെ ആനക്കള്ളന്‍ എന്നാ ഗാനവും ശരാശരി എന്ന് മാത്രമേ പറയാന്‍ കഴിയൂ.
സ്ഥിരം മലയാള സിനിമകള്‍ കണ്ടു ബോറടിച്ചിരിക്കുന്ന പ്രേക്ഷകര്‍ക്ക് ഒരു ആശ്വാസമാണ് ഇങ്ങനത്തെ ചിത്രങ്ങള്‍. വ്യത്യസ്തമായ പ്രമേയങ്ങള്‍ ഉള്ള ചിത്രങ്ങള്‍ കൂടുതലായി മലയാള സിനിമ രംഗത്ത് കൂടുതലായി ഉണ്ടാവട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു (കൃഷ്ണനും രാധയും പോലുള്ള ചിത്രങ്ങള്‍ അല്ല കേട്ടോ).
N.B: ബാങ്ങ്ലൂരില്‍ ചിത്രം കാണുന്നവര്‍ ദയവു ചെയ്തു സംഗീത് തിയേറ്റര്‍ ഒഴിവാക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ