
പ്രിയ സഭാ വിശ്വാസികളെ,
സഭയെ പറ്റി ചിലര്‍ നടത്തുന്ന അപവാദ പ്രചാരണങ്ങള്‍ക്ക് എതിരെ നിങ്ങളെ പ്രബുദ്ധരാക്കുക എന്നുള്ളതാണ് ഈ ഇടയ ലേഖനത്തിന്റെ ലക്‌ഷ്യം. സഭാ ആസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരെ വിളിച്ചു വരുത്തി മര്‍ദിച്ചു എന്ന തരത്തില്‍ ഉള്ള വാര്‍ത്തകള്‍ പല മാധ്യമങ്ങളും പ്രസിദ്ധീകരിക്കുന്ന കാര്യം നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവുമല്ലോ. എന്നാല്‍ സത്യാവസ്ഥ എന്താണെന്ന് നിങ്ങള്‍ ഏവരും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ആദ്യം തന്നെ സഭ 2011 ഫെബ്രുവരി 29 നു കേരളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രങ്ങളില്‍ നല്‍കിയ പരസ്യം നിങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ട് വരുന്നു.
'മേടിക്കല്‍ കോളജിനു ശേഷം സഭ അവതരിപ്പിക്കുന്ന ചാനലിലേക്കുള്ള നാടന്‍ തല്ലു റിയാലിറ്റി ഷോയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. വിജയികള്‍ക്ക് സഭയുടെ സ്വന്തമായ പാരക്കോണം മെഡിക്കല്‍ കോളജില്‍ ആജീവനാന്ത ചികല്‍സ സൌജന്യമായി നല്‍കുന്നതാണ്. അപേക്ഷകര്‍ ഏതെങ്കിലും മാധ്യമ സ്ഥാപനത്തില്‍ കുറഞ്ഞ പക്ഷം ഒരു വര്‍ഷത്തെയെങ്കിലും പ്രവര്‍ത്തി പരിചയമുള്ളവര്‍ ആയിരിക്കണം. സഭക്കെതിരെ വാര്‍ത്തകള്‍ നല്‍കിയ ചാനലുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്'.
മുകളില്‍ കൊടുത്തിരിക്കുന്ന പരസ്യം കണ്ടു സ്വമേധയാ സഭ ആസ്ഥാനമായ എം.എം.എസില്‍ എത്തിയവര്‍ക്ക് മത്സരത്തില്‍ പങ്കെടുത്തപ്പോള്‍ പരുക്ക് ഏറ്റതാണ് അല്ലാതെ സഭ ആരെയും ആക്രമിക്കാന്‍ ആരെയും ഏര്‍പ്പടാക്കിയില്ല. സഭ സ്വന്തമായി നിര്‍മിക്കുന്ന റിയാലിറ്റി ഷോയുടെ രംഗങ്ങള്‍ പകര്‍ത്തിയ ടേപ്പ് മറ്റു മാധ്യമങ്ങള്‍ തങ്ങളുടെതാണ് എന്ന് പറഞ്ഞു സ്വന്തമാക്കാന്‍ നടത്തുന്ന ശ്രമങ്ങളെ സഭ ശക്തമായി അപലപിക്കുന്നു. ഇതിനു പിന്നില്‍ സഭയുടെ ചാനലിനെ തകര്‍ക്കാന്‍ ഉള്ള മാധ്യമ സിണ്ടിക്കെറ്റിന്റെ ശ്രമമാണ് എന്നും പകല്‍ പോലെ വ്യക്തമായിരിക്കുകയാണ്. മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് നേരെ അവതാരകര്‍ അസഭ്യ വര്‍ഷം നടത്തി എന്നുള്ള പ്രചാരണം തെറ്റാണെന്നും മന്ജിനി ഹരിദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോഡേണ്‍ മലയാളത്തില്‍ നിന്നും മലയാള ഭാഷയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ നമ്മുടെ അവതാരകര്‍ പറഞ്ഞ മലയാളം വാക്കുകള്‍ പലരും അസഭ്യമായി തെറ്റിദ്ധരിച്ചണെന്നും ഈ അവസരത്തില്‍ കൂട്ടിച്ചേര്‍ത്തു കൊള്ളട്ടെ.
സഭയുടെ കോളജുകളില്‍ ഒരു വിധത്തില്‍ ഉള്ള തലവരിയും വാങ്ങുന്നില്ല എന്നും നാം ഈ അവസരത്തില്‍ ഓര്‍മിപ്പിക്കുകയാണ്. പാരക്കോണം മെഡിക്കല്‍ കോളജില്‍ സീറ്റിനു 50 ലക്ഷം എന്ന് പറഞ്ഞു മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യുന്ന ടെലിഫോണ്‍ സന്ദേശം യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ ഇലക്ഷന് മുന്‍പായി പാരക്കോണം നിയമസഭ മണ്ഡല സീറ്റിനു വേണ്ടി നടന്ന വിലപേശല്‍ ചര്‍ച്ചയാണ് എന്നും സഭ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇടയ്ക്കു ഇടയ്ക്കു ജുബിലീ എന്ന് സന്ദേശത്തില്‍ കേള്‍ക്കുന്നതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത് അന്‍പതാം ജുബിലീ തികഞ്ഞിട്ടും ഇത് വരെ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്ത ഏതോ നേതാവുമായിട്ടാണ് ചര്‍ച്ച എന്നാണ്. ഇവയെല്ലാം പകല്‍ പോലെ വ്യക്തമാണ് എന്നിരിക്കെ മാധ്യമങ്ങള്‍ നടത്തുന്ന ഈ ദുഷ്പ്രചരണങ്ങള്‍ക്ക് എതിരെ സഭ വിശ്വാസികള്‍ ശക്തമായി പ്രതിഷേധിക്കണം എന്നും നാം ഓര്‍മിപ്പിക്കുന്നു.
എല്ലാ ചാനലുകളിലും പല തരം റിയാലിറ്റി ഷോകള്‍ ഉണ്ടെങ്കിലും മാധ്യമ പ്രവര്‍ത്തകര്‍ക്കായി ആദ്യമായി ഒരു റിയാലിറ്റി ഷോ അവതരിപ്പിക്കാന്‍ ഉള്ള സഭയുടെ ശ്രമത്തെ മുളയിലെ നുള്ളുക എന്ന ലക്‌ഷ്യം ആണ് പലര്‍ക്കും ഉള്ളത് എന്നും വ്യക്തമായി കഴിഞ്ഞു. ഇതിനെതിരെ ശക്തമായി നീങ്ങാന്‍ തന്നെയാണ് സഭയുടെ തീരുമാനം. അതിനാല്‍ തന്നെ ഇത്തരത്തില്‍ ഉള്ള കൂടുതല്‍ റിയാലിറ്റി ഷോകള്‍ ഭാവിയില്‍ അവതരിപ്പിക്കും എന്നും അറിയിച്ചു കൊള്ളട്ടെ. ബ്ലോഗ്ഗര്‍മാര്‍ക്കായി ഉള്ള റിയാലിറ്റി ഷോയുടെ ഷൂട്ടിംഗ് അടുത്ത് തന്നെ ആരംഭിക്കുന്ന വിവരവും ഈ അവസരത്തില്‍ സന്തോഷ പൂര്‍വ്വം അറിയിച്ചു കൊള്ളട്ടെ.
ഈ ഇടയ ലേഖനത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ ഏതെങ്കിലും സഭ വിശ്വാസികള്‍ അനുസരിക്കാന്‍ കൂട്ടാക്കാതിരിക്കെയോ, സിണ്ടിക്കേറ്റ് മാധ്യമങ്ങള്‍ പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കുകയോ ചെയ്‌താല്‍ അവര്‍ക്കായി ഒരു റിയാലിറ്റി ഷോ കൂടി സഭ ആരംഭിക്കും എന്നും ഈ അവസരത്തില്‍ വ്യസനസമേതം അറിയിച്ചു കൊള്ളട്ടെ. ശേഷം പിന്നാലെ...
സഭാ ആസ്ഥാനത്ത് നിന്നും
ആരാണ്ടൊക്കെയോ
(ഒപ്പ്)
N.B: പ്രാണഭയത്തോടെ ആണ് ഈ പോസ്റ്റ് എഴുതുന്നത്. ബ്ലോഗ്ഗിങ്ങിന് വല്ല അവാര്‍ഡും തരാം എന്ന് പറഞ്ഞു വിളിച്ചു എന്നെയും മര്‍ദിക്കാന്‍ ചാന്‍സ് ഉള്ളതിനാല്‍ കുറേ നാള്‍ പോസ്റ്റുകള്‍ ഒന്നും കണ്ടില്ലെങ്കില്‍ എന്റെ പേരില്‍ നിങ്ങളുടെ സ്വന്തം ചിലവില്‍ ഒരു ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ചു സി.ബി.ഐ അന്വേഷണത്തിനായി മുറവിളി കൂട്ടണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. ദയവു ചെയ്തു കേരള പോലീസ് അന്വേഷിക്കണം എന്ന് പറഞ്ഞു എന്‍റെ വില കളയല്ലേ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ