2011 ജൂലൈ 14, വ്യാഴാഴ്‌ച

വീണ്ടും മുംബൈ


ഒരു ഭീകരാക്രമണത്തിനു കൂടെ നിസ്സഹായതോടെ സാക്ഷിയാവേണ്ടി വന്നവന്റെ അമര്‍ഷമാണ്‌ ഈ പോസ്റ്റ്‌ എന്ന് തെറ്റിദ്ധരിക്കേണ്ട. സ്വന്തം സഹോദരരെ നിര്‍ദയം കൊലപ്പെടുത്തിയവര്‍ ആ ഭീകരാക്രമണം നടന്നതിന്‍റെ മൂന്നാം വാര്‍ഷികം അടുക്കുന്ന ഈ സമയത്തും നട്ടെല്ലില്ലാത്ത ഒരു നിയമവ്യവസ്ഥിതിയുടെ പിന്‍ബലത്തില്‍ ശിക്ഷിക്കപ്പെടാതെ ഇരിക്കുന്നതില്‍ ഉള്ള ഒരു സാധാരണ പൌരന്‍റെ വേദനയായി കണക്കാക്കിയാല്‍ മതി.

ഇന്ത്യയെ ഞെട്ടിച്ചു കൊണ്ട് ഒരു ഭീകരാക്രമണം കൂടി. കൊല്ലപ്പെട്ടവരുടെ എണ്ണം എത്രയാണെന്ന് അന്വേഷിക്കുന്ന തിരക്കില്‍ മാധ്യമങ്ങള്‍, എന്ത് സ്ഫോടക വസ്തു ഉപയോഗിച്ച് ആണ് ബോംബ്‌ നിര്‍മ്മിച്ചത്‌ എന്ന് കണ്ടു പിടിക്കാന്‍ ഉള്ള ശ്രമത്തില്‍ പോലീസ്, പ്രസ്താവനകള്‍ നടത്തുന്ന തിരക്കില്‍ രാഷ്ട്രീയക്കാര്‍. എല്ലാം ഒടുവിലത്തെ ഭീകരാക്രമണം പോലെ തന്നെ. ഒന്നിനും മാറ്റമില്ല. ഇനി കുറച്ചു നാള്‍ ഇന്ത്യ എന്ന വികാരം എല്ലാവരുടെയും മനസ്സില്‍. അത് കഴിയുമ്പോള്‍ എല്ലാം വീണ്ടും പഴയ പോലെ. എല്ലാം നാം മറക്കും. വിധി എന്ന് സമാധാനിക്കും.ഇന്നലത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെല്ലാം തന്നെ സാധാരണക്കാര്‍. ഒരായിരം സ്വപ്നങ്ങളുമായി ജീവിതം മുന്നോട്ടു നയിച്ചവര്‍. അവര്‍ ഒരിക്കല്‍ എങ്കിലും ചിന്തിച്ചു കാണുമോ നിനച്ചിരിക്കാത്ത സമയത്ത് തങ്ങള്‍ ചെയ്തിട്ടില്ലാത്ത തെറ്റിന്റെ പേരില്‍ സ്വന്തം ജീവന്‍ ബലി നല്‍കേണ്ടി വരുമെന്ന്?

ഈ ഭീകരാക്രമാണങ്ങളില്‍ കൊല്ലപ്പെട്ട നമ്മുടെ സഹോദരരുടെ ജീവനേക്കാള്‍ വിലയുണ്ടോ അജ്മല്‍ കസബ് പോലെയുള്ള കൊടും തീവ്രവാദികളുടെ ജീവന്? ഇത്തരം കൊടും കുറ്റവാളികളെ തീറ്റിപോറ്റാനും, അവര്‍ക്ക് സംരക്ഷണം കൊടുക്കാനും ആണോ ഓരോ ഇന്ത്യന്‍ പൌരനും നികുതി അടക്കുന്നത്? ഇത്തരം ആക്രമണങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്കാന്‍ പോലും കഴിവില്ലാത്തതാണോ ഇന്ത്യാ മഹാരാജ്യത്തിന്റെ ഇന്റ്റെലിജെന്‍സ് സംവിധാനം? ഏതൊക്കെ മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് വിജയസാധ്യത ഉണ്ട് എന്ന് മാത്രം കണ്ടെത്താന്‍ വേണ്ടി ഉള്ള ഉപാധി മാത്രമായി തരം താണു പോയോ ഇത്തരം സംവിധാങ്ങള്‍? ഉത്തരമില്ലാത്ത ചോദ്യങ്ങളായി ഇവ എല്ലാം തുടരുന്നിടത്തോളം ഇനിയും ദുരന്തങ്ങള്‍ നമ്മെ കാത്തിരിക്കുന്നു എന്ന ഓര്‍മ്മപ്പെടുത്തലോടെ നിര്‍ത്തുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...