
കുറെ നാള്‍ ആയി വിചാരിക്കുന്നു സ്വാശ്രയ പ്രശ്നത്തെ പറ്റി എഴുതണം എന്ന്. പക്ഷെ മനസ്സില്‍ ഒരു പേടി. ഇനി ഇതെങ്ങാനും വായിച്ചിട്ട് വിദ്യാഭാസം മൊത്തമായും ചില്ലറയായും വില്‍ക്കുന്ന അച്ചന്മാരും, മുതലാളിമാരും, ചുമ്മാ പോയി പോലീസുകാരെ ചൊറിഞ്ഞു തല്ലു വാങ്ങുന്ന പിള്ളേരും, ഇതിന്‍റെ പേരില്‍ നാട്ടുകാരെ പറ്റിക്കുന്ന രാഷ്ട്രീയക്കാരും ഒക്കെ അങ്ങ് നന്നായി പോയാലോ!! പാവം ചാനലുകാര്‍ അടുത്ത വര്‍ഷം ഇതേ സമയം പിന്നെ എന്തിനെ പറ്റി ചര്‍ച്ച നടത്തും? എല്ലാ വര്‍ഷവും നിധി കിട്ടണം എന്നില്ലല്ലോ! ഏതായാലും ഒടുവില്‍ എഴുതിയേക്കാം എന്ന് തന്നെ തീരുമാനിച്ചു. ചാനലുകാര്‍ ക്ഷമിക്കുക.
സ്വാശ്രയ പ്രശ്നം എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറേ വര്‍ഷങ്ങളായി. മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ക്ക് ഒന്നും ഒരു പരിഹാരം ഈ പ്രശ്നത്തിന് ഒട്ടു കാണാനും കഴിഞ്ഞില്ല. കുറെയേറെ കേസുകള്‍ സര്‍ക്കാര്‍ തോറ്റത് മാത്രം മിച്ചം. കേരള സംസ്ഥാനത്തെ സര്‍ക്കാരിനു പോലും നിയന്ത്രിക്കാന്‍ പറ്റാത്ത തലത്തിലേക്ക് സ്വാശ്രയ മാനേജ്മെന്റുകള്‍ വളര്‍ന്നു എങ്കില്‍, അതിനു ഉത്തരവാദികള്‍ മാറി മാറി ഭരിച്ച രാഷ്ട്രീയ പാര്‍ടികള്‍ ആണെന്നല്ലേ പറയാന്‍ പറ്റൂ? കുറച്ചു നാളായി ഈ പ്രശ്നത്തെക്കുറിച്ച് ആലോചിക്കുമ്പോഴെല്ലാം മനസ്സില്‍ വരുന്ന കുറച്ചു ചോദ്യങ്ങള്‍ ഇവിടെ കുറിക്കുന്നു:
1 ) സ്വാശ്രയ കോളജുകള്‍ക്ക് ആന്റണി സര്‍ക്കാര്‍ അനുമതി കൊടുത്തത് 50 ശതമാനം സീറ്റ് സര്‍ക്കാരിനു ലഭിക്കും എന്നുള്ളതിന്റെ പേരില്‍ ആണ് എങ്കില്‍ എന്ത് കൊണ്ട് ഈ കാര്യം ഉറപ്പു വരുത്തുന്ന ഒരു ധാരണാപത്രം ഉണ്ടാക്കിയില്ല? അതോ 'വിശ്വാസം, അതല്ലേ എല്ലാം' എന്ന കല്യാണ്‍ ജുവലെഴ്സിന്റെ പരസ്യം അന്നും ഉണ്ടായിരുന്നോ?
2 ) ഇതിന്‍റെ പേരില്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തെ ഉപയോഗിച്ച് സമരം നടത്തിയവര്‍ പിന്നീട് തങ്ങള്‍ അധികാരത്തില്‍ വന്നപ്പോള്‍ അനുമതി കൊടുത്ത കോളേജുകളില്‍ 50 ശതമാനം സീറ്റില്‍ കുട്ടികളെ സര്‍ക്കാര്‍ ഫീസില്‍ പഠിപ്പിക്കാം എന്നുള്ള ധാരണാപത്രം ആ കോളേജ് മാനെജ്മെന്റുകളില്‍ നിന്ന് ഒപ്പിട്ടു വാങ്ങിയോ പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ ഉറപ്പു നല്‍കിയ പോലെ?
3 ) സ്വന്തം മാതൃപ്രസ്ഥാനം ഭരണത്തില്‍ ഇരിക്കുമ്പോള്‍ സ്വാശ്രയ പ്രശ്നത്തില്‍ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ സമരം കോളെജുകള്‍ക്ക് എതിരെയും, മാതൃപ്രസ്ഥാനം പ്രതിപക്ഷത്തിരിക്കുമ്പോള്‍ അതെ പ്രശ്നത്തില്‍ സമരം സര്‍ക്കാരിനു എതിരെയും ആകുന്നതു എന്ത് കൊണ്ട്?
4 ) എല്ലാ മനജ്മെന്റുകളും പറയുന്ന പോലെ ഭയങ്കര നഷ്ടം ഉള്ള ഒരു ഏര്‍പ്പാട് ആണെങ്കില്‍ കൂണ് പോലെ പുതിയ കോളജുകള്‍ ഉണ്ടാവുന്നത് എന്ത് കൊണ്ട്? ഇനി വെറുതെ കാശു കളയാന്‍ ഉള്ള ആഗ്രഹം കൊണ്ടും ആവാം.
5 ) കോളജുകള്‍ തലവരി പണം വാങ്ങുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. എങ്കിലും ഇത് വരെ ഏതെങ്കിലും സര്‍ക്കാര്‍ അന്വേഷിച്ചു നടപടി എടുത്തതായി കണ്ടില്ല. രാഷ്ട്രീയക്കാര്‍ക്ക് എല്ലാം അല്‍ഷിമേഴ്സ് ബാധിച്ചോ?
6 ) ഇന്‍റര്‍ ചര്‍ച്ച് കൌണ്‍സിലിനു കീഴിലുള്ള കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദത്തിനു ഒപ്പം വല്ലതും കൂടുതലായി കൊടുക്കുന്നുണ്ടോ? അതായതു വല്ല ട്രാക്ടറോ, പത്തേക്കര്‍ കൃഷി ഭൂമിയോ വല്ലതും ജോലി കിട്ടിയില്ലെങ്കില്‍ കൃഷി ചെയ്തു ജീവിക്കാന്‍? മറ്റുള്ള മാനേജ്മെന്റുകള്‍ വാങ്ങുന്ന ഫീസില്‍ പഠിപ്പിച്ചാല്‍ അവര്‍ക്ക് മുതലാവാത്തത്തിന്റെ കാരണം അതാണോ?
7 ) ഈ ഇടയ ലേഖനം എന്ന് പറയുന്നത് കോടതി വിധി പോലെ വല്ല സാധനം ആണോ? അല്ല അത് അയച്ചാല്‍ വിശ്വാസികള്‍ എല്ലാം അപ്പീലില്ലാതെ തങ്ങള്‍ പറയും പോലെ ചെയ്യും എന്നുള്ള ചില സഭകളുടെ വിശ്വാസം കൊണ്ട് ചോദിച്ചു പോവാണേ.
8 ) പരസ്പരം ചാനലുകളും, പാര്‍ക്കുകളും മറ്റും സ്ഥാപിച്ചു ജനങ്ങളെ സേവിക്കുന്ന ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്ത് കൊണ്ട് കുറച്ചു സ്വാശ്രയ കോളജുകള്‍ സ്ഥാപിച്ചു സാമൂഹ്യനീതിയും, സമത്വവും ഒക്കെ ഉറപ്പു വരുത്തി കുട്ടികളെ പഠിപ്പിച്ചു മാതൃക കാണിക്കുന്നില്ല? അതിനുള്ള ആസ്തിയൊന്നും കേരളത്തിലെ പാവം പാര്‍ട്ടികള്‍ക്കില്ല എന്ന് എല്ലാരും പറയുന്നു. ചിലപ്പോള്‍ അത് കൊണ്ടാവാം അല്ലെ?
ഇവയ്ക്കൊന്നും ഉത്തരം ലഭിക്കും എന്ന് യാതൊരു വിശ്വാസവും എനിക്കില്ല. ഇനി ആര്‍ക്കെങ്കിലും ഉത്തരം അറിയാം എങ്കില്‍ ഒന്ന് കമന്റ് ചെയ്തേക്കണേ.
ഇനി ഈ പ്രശ്നത്തെ പറ്റി ഉള്ള എന്റെ കാഴ്ചപ്പാട് പറയാം. സ്വാശ്രയ കോളജുകള്‍ ആവശ്യം തന്നെയാണ്, എന്നാല്‍ അതിന്‍റെ പേരില്‍ നടക്കുന്ന പകല്‍ കൊള്ള അവസാനിക്കുക തന്നെ വേണം. ന്യൂനപക്ഷ സ്ഥാപനം എന്ന പദവി ഇന്ത്യയിലെ എല്ലാ നിയമങ്ങള്‍ക്കും അതീതരാക്കുന്നു തങ്ങളെ എന്ന ചിലരുടെ മിഥ്യാ ധാരണ മാറേണ്ട സമയം ആയിരിക്കുന്നു. ഇതിന്‍റെ പേരില്‍ ഇവിടെ നാടകം കളിച്ചു ജനങ്ങളെ പറ്റിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ആത്മാര്‍ഥതയും ചോദ്യം ചെയ്യപ്പെടെണ്ടി ഇരിക്കുന്നു. തലവരി പണം വാങ്ങുന്ന സ്ഥാപനങ്ങള്‍ ആണ് ഇന്ന് നിലവിലുള്ളതില്‍ 90 ശതമാനവും. 50 ലക്ഷം രൂപയും മറ്റും കൊടുത്തു എം.ബി.ബി.എസ് പഠിച്ചു ഡോക്ടര്‍ ആവുന്നവര്‍ക്ക് തങ്ങളുടെ രോഗികളോടായിരിക്കുമോ അതോ എങ്ങനെയെങ്കിലും മുടക്കിയ പണം തിരിച്ചു പിടിക്കണം എന്ന ആഗ്രത്തോടായിരിക്കുമോ കൂടുതല്‍ പ്രതിബദ്ധത? ഡോക്ടര്‍മാര്‍ തങ്ങളുടെ പേരിനൊപ്പം പഠിച്ച സ്ഥാപനത്തിന്റെ പേര് കൂടി ബോര്‍ഡില്‍ എഴുതി വച്ചാല്‍ ആധാരം പണയം വെക്കേണ്ടി വരുമോ എന്ന് മുന്‍കൂട്ടി അറിയാന്‍ രോഗികള്‍ക്ക് സഹായകരം ആയിരിക്കും എന്നാണ് എന്റെ വിശ്വാസം.
ഇടയ ലേഖനമോ മറ്റോ അയച്ചു എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മുള്ളിപ്പോകും സര്‍ക്കാരുകള്‍ എന്നുള്ള ധാരണ ആണ് പലര്‍ക്കും ഇവിടെ എന്ന് തോന്നിപോകുന്നു. ഈ ഇടയ ലേഖനങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ എല്ലാം വിശ്വാസികള്‍ അനുസരിക്കും എന്നുണ്ടെങ്കില്‍ വെറുതെ സ്വാശ്രയത്തിന്റെ പേരില്‍ ലേഖനം അയക്കുന്നതിനു പകരം വല്ല മദ്യപാനത്തിനെതിരെയോ, പുകവലിക്കെതിരെയോ ഒക്കെ ഇടയ ലേഖനങ്ങള്‍ അയക്കുന്നതല്ലേ കൂടുതല്‍ നല്ലത്? ധ്യാനം കൂടിയിട്ടു നന്നാവുന്നില്ല പിന്നാ ഇടയ ലേഖനം അല്ലെ? പിന്നെ പണം ഉണ്ടാക്കിയെ പറ്റൂ എന്നാണെങ്കില്‍ സഭകള്‍ വല്ല സ്വര്‍ണ വ്യാപാരമോ മറ്റോ തുടങ്ങട്ടെ. അതാവുമ്പോള്‍ പകുതി സ്വര്‍ണം സര്‍ക്കാരിനു കൊടുക്കണം എന്ന് പറഞ്ഞു ആരും സമരത്തിനൊന്നും വരില്ലല്ലോ!
ഈ കാര്യത്തില്‍ മാധ്യമങ്ങള്‍ കാണിക്കുന്ന ആ ഊര്‍ജസ്വലത അഭിനന്ദനീയം തന്നെ. പെട്രോള്‍ ബോംബുമായി സമാധാനപരമായി സമരം ചെയ്യുന്ന പാവം പിള്ളേരെ തല്ലിച്ചതച്ച പോലീസുകാര്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടുക തന്നെ വേണം. ആ കുട്ടികള്‍ എന്താണ് സത്യത്തില്‍ ചെയ്തത് കുറച്ചു കല്ലെറിഞ്ഞു എന്നതല്ലാതെ? ഇതൊക്കെ കൊള്ളാന്‍ അല്ലെ പോലീസുകാരെ ഇവിടെ നിയമിച്ചിരിക്കുന്നത് തന്നെ. ഇതൊന്നും എന്റെ അഭിപ്രായം അല്ല. ചില ചാനലുകള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തത് കണ്ടപ്പോള്‍ തോന്നി പോയതാണ്. സത്യം പറഞ്ഞാല്‍ വര്‍ഷത്തില്‍ രണ്ടു സമരങ്ങള്‍ എങ്കിലും സിലബസ്സില്‍ ഉള്‍പ്പെടുത്തണം എന്നും, ബോംബ് നിര്‍മാണം, കരാട്ടെ തുടങ്ങിയ വിഷയങ്ങള്‍ കൂടി വിദ്യാഭാസ സ്ഥാപനങ്ങളില്‍ നടത്തുന്ന കോഴ്സുകളില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം എന്നാണ് എന്‍റെ അഭിപ്രായം.
രാഷ്ട്രീയക്കാര്‍ നടത്തുന്ന നാടകങ്ങള്‍ക്ക് തീര്‍ച്ചയായും അവാര്‍ഡ് കൊടുക്കേണ്ടിയിരിക്കുന്നു. ഒരു വശത്ത് തങ്ങളുടെ നിയന്ത്രണത്തില്‍ ഉള്ള സഹകരണ കോളജില്‍ സീറ്റ് വിട്ടു കൊടുക്കാതെ ഇരിക്കുകയും, മറു വശത്ത് അതിന്‍റെ പേരില്‍ വിദ്യാര്‍ത്ഥികളെ സമരത്തിലേക്ക് തള്ളി വിടുകയും അവരുടെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ സത്യത്തില്‍ ഇവരുടെ യഥാര്‍ത്ഥ നയം എന്താണെന്നു ഒരു സാധാരണ പൌരന്‍ എന്നാ നിലയില്‍ മനസ്സിലാകുന്നില്ല. ചിലപ്പോള്‍ ഞാന്‍ പാര്‍ട്ടി ക്ലാസ്സുകളില്‍ റെഗുലര്‍ ആയി പോകാത്തതിന്റെ കുഴപ്പമായിരിക്കാം എനിക്കിതൊന്നും മനസ്സിലാകാത്തത്. പണ്ടേ ആ തളത്തില്‍ ദിനേശന്‍ എന്നോട് പറഞ്ഞതാ പാര്‍ട്ടി ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യണം എന്ന്. കേട്ടില്ല.. അതിന്‍റെ ഓരോ കുഴപ്പങ്ങളേ.
ഇനി സര്‍ക്കാരിനെ പറ്റി പറഞ്ഞില്ലെങ്കില്‍ ചിലപ്പോള്‍ അത് ഒരു തെറ്റായി പോകും. അങ്ങോട്ട് പോയി ചര്‍ച്ച നടത്തിയതിനു ശേഷം കോളജുകള്‍ സ്വന്തമായി പ്രവേശനം നടത്തും എന്ന് പ്രഖ്യാപിക്കാന്‍ ആയിരുന്നു എങ്കില്‍ വെറുതെ റോഡും ബ്ലോക്ക് ചെയ്തു പെട്രോളും കത്തിച്ചു മന്ത്രിമാര്‍ പോയി ചര്‍ച്ച നടത്തുന്നതിന്‍റെ ആവശ്യമുണ്ടോ? തുടര്‍ന്ന് അതിനെതിരെ കേസ് നടത്തുന്നുണ്ടെങ്കില്‍ പോലും സ്വയം അപഹാസ്യരാവുകയല്ലേ ഈ സര്‍ക്കാര്‍ ചെയ്തത്?
ഈ പശ്നം പരിഹരിക്കാന്‍ ആത്മാര്‍ഥമായ ഒരു ശ്രമവും ഇവിടുത്തെ ഭരണ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ഉണ്ടാവാത്ത കാലത്തോളം രക്ഷിതാക്കള്‍ വെറുതെ ടെന്‍ഷന്‍ അടിക്കുന്നതും, കുറേ വിദ്യാര്‍ത്ഥികളുടെ ഭാവി അവതാളത്തില്‍ ആകുകയും മാത്രം ആയിരിക്കും ഈ കോലാഹലങ്ങളുടെ ഒക്കെ ബാക്കിപത്രം. അടുത്ത അധ്യയന വര്‍ഷത്തിലേക്ക് ഇനി ഒരു 9 മാസം എങ്കിലും ഉണ്ട്. അതിനുള്ളില്‍ ക്രിയാത്മകമായ ചര്‍ച്ചകളില്‍ കൂടെ പ്രശ്ന പരിഹാരം സാധ്യമാവട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു ഒപ്പം ഒരിക്കല്‍ കൂടി നമ്മുടെ തെരുവുകള്‍ വിദ്യാര്‍ത്ഥികളുടെ രക്തത്താല്‍ കഴുകപ്പെടാതിരിക്കട്ടെ എന്ന് സര്‍വേശ്വരനോട് പ്രാര്‍ത്ഥിക്കുന്നു.
N.B ഈ പോസ്റ്റ് ഇഷ്ടപ്പെട്ടു എങ്കില്‍ കമന്റ് ചെയ്യും എന്ന് വിശ്വസിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ