2011 ജൂലൈ 10, ഞായറാഴ്‌ച

ന്യൂസ്‌ ഓഫ് ദി വേള്‍ഡ് : 'അന്വേഷണാത്മക' പത്ര പ്രവര്‍ത്തനത്തിന്‍റെ ഗതികെട്ട അന്ത്യം


ന്യൂസ്‌ ഓഫ് ദി വേള്‍ഡ് എന്ന ബ്രിട്ടനിലെ ഏറ്റവും പ്രചാരമുള്ള ടാബ്ലോയിഡ് ഈ ജൂലൈ പത്തിന് കെട്ടും പടവും മടക്കി പ്രവര്‍ത്തനം അവസാനിപ്പിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ മാധ്യമ ചക്രവര്‍ത്തിമാരില്‍ ഒരാളായ നമ്മുടെ കൊച്ചു സംസ്ഥാനത്തെ ഏഷ്യാനെറ്റിന്‍റെ വരെ മുതലാളിയായ മര്‍ഡോക്ക് അണ്ണന്റെ ഉടമസ്ഥതയില്‍ ഉള്ള ന്യൂസ്‌ ഇന്റര്‍നാഷണല്‍ ആയിരുന്നു ന്യൂസ്‌ ഓഫ് ദി വേള്‍ഡ് പ്രസിദ്ധീകരിച്ചിരുന്നത്. എന്ത് കൊണ്ട് ഏറ്റവും അധികം പ്രചാരമുള്ള ഒരു പത്രം അടച്ചു പൂട്ടേണ്ടി വന്നു എന്ന് മനസ്സിലായില്ല. ഒരു കേരളീയന്‍ എന്ന നിലക്ക് സ്വാഭാവികമായും മനസ്സില്‍ വരുന്നത് തൊഴിലാളി യുണിയന്‍ പ്രശ്നങ്ങളാവാം അടച്ചു പൂട്ടലിനു കാരണം എന്നാവാം. എന്നാല്‍ സംഭവം അങ്ങ് ബ്രിട്ടനില്‍ ആയതു കൊണ്ട് അതിനു വഴിയില്ല. കുറെ അധികം വായിച്ചപ്പോള്‍ അല്ലെ കാര്യം മനസ്സിലായെ, ന്യൂസ്‌ ആദ്യം ഒപ്പിക്കാന്‍ ഉള്ള വ്യഗ്രതയില്‍ കാണിക്കാവുന്ന തോന്ന്യവാസങ്ങള്‍ എല്ലാം ആ പത്രം കാണിച്ചു കൂട്ടിയെന്നു.

ഇനി കാര്യത്തിലേക്ക് കടക്കാം, 1 ഒക്ടോബര്‍ 1843 ഇല്‍ പ്രവര്‍ത്തനം ആരംഭിച്ച പത്രമാണ്‌ ന്യൂസ്‌ ഓഫ് ദി വേള്‍ഡ്. ജോണ്‍ ബ്രൌണ്‍ ബെല്‍ ആയിരുന്നു സ്ഥാപക പത്രാധിപര്‍. 1950 ആയപ്പോളേക്കും ലോകത്തിലെ തന്നെ ഏറ്റവും പ്രചാരമുള്ള പത്രമായി മാറി ന്യൂസ്‌ ഓഫ് ദി വേള്‍ഡ്. 1969 ഇല്‍ മര്‍ഡോക് നേതൃത്വം നല്‍കുന്ന ന്യൂസ്‌ ലിമിറ്റഡ് ഏറ്റെടുത്തു ന്യൂസ്‌ ഓഫ് ദി വേള്‍ഡ് പത്രത്തെ. 2000 മുതല്‍ എന്നും വിവാദങ്ങളില്‍ നിറഞ്ഞു നിന്ന പത്രമായി ന്യൂസ്‌ ഓഫ് ദി വേള്‍ഡ്. സെക്സ് വിവാദങ്ങളും മറ്റും സൃഷ്ടിക്കുന്നതില്‍ മറ്റുള്ള പത്രങ്ങളെ എല്ലാം കവച്ചു വെക്കുന്ന പ്രകടനമായിരുന്നത്രേ ന്യൂസ്‌ ഓഫ് ദി വേള്‍ഡ് കാഴ്ച വച്ചത്.കൊല്ലപ്പെട്ടവരുടെയും ബ്രിട്ടീഷ്‌ രാജകുടുംബത്തിലെ അംഗങ്ങളുടെയും മറ്റും ഫോണ്‍ ചോര്‍ത്തി എക്സ്ക്ലുസിവ് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു ന്യൂസ്‌ ഓഫ് ദി വേള്‍ഡ്. ചുരുക്കത്തില്‍ ഒരു വാഴ്ത്തപ്പെട്ട മഞ്ഞ പത്രം എന്ന നിലവാരത്തിലേക്ക് ആ പത്രം തരം താണു. ഇതൊക്കെ അറിഞ്ഞപ്പോള്‍ ഒരു സംശയം; ഇനി കേരളത്തിലെ മാധ്യമങ്ങളില്‍ എങ്ങാനും വിട്ട്‌ ന്യൂസ്‌ ഓഫ് ദി വേള്‍ഡ് റിപ്പോര്‍ട്ടര്‍മാരെ ട്രെയിന്‍ ചെയ്യിപ്പിച്ചോ ആവോ? അല്ല വിവാദങ്ങളോടുള്ള ആ താല്പര്യം കണ്ടു ചോദിച്ചു പോയതാ.

ഇതിനിടക്ക്‌ പാകിസ്ഥാന്‍ ക്രിക്കറ്റ്‌ താരങ്ങളുടെ കോഴ വിവാദം ഉള്‍പ്പടെ ശ്രദ്ധേയമായ പല വാര്‍ത്തകളും പുറത്തു കൊണ്ട് വരാനും ന്യൂസ്‌ ഓഫ് ദി വേള്‍ഡ് പത്രത്തിനായി. ഫോണ്‍ ചോര്‍ത്തല്‍ വിവാദങ്ങളും മറ്റും ആയതോടു കൂടെ പത്രത്തിന്‍റെ നില പരുങ്ങലില്‍ ആയി. പത്രത്തിന് എതിരെയുള്ള അന്വേഷണം അവസാനിപ്പിക്കാന്‍ മര്‍ഡോക് ബ്രിട്ടീഷ്‌ പ്രധാന മന്ത്രിയായിരുന്ന ഗോര്‍ഡന്‍ ബ്രൌണിനെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന് വെളിപ്പെടുത്തലുകള്‍ ഉണ്ടായി. പത്രത്തിന്‍റെ നാല് റിപ്പോര്‍ട്ടര്‍മാരെ പോലീസ് ഫോണ്‍ ചോ൪ത്തലിനു അറസ്റ്റ് ചെയ്തതോടെ പത്രത്തിനെതിരെയുള്ള ജനവികാരം ശക്തമായി. അങ്ങനെ ഈ ജൂലൈ പത്തിനിറങ്ങിയ പത്രം ആണ് തങ്ങളുടെ അവസാന പത്രം എന്ന് അറിയിച്ചു കൊണ്ട് ന്യൂസ്‌ ഓഫ് ദി വേള്‍ഡ് പ്രവര്‍ത്തനം അവസാനിപ്പിച്ചു.ഫോണ്‍ ചോര്‍ത്തിയത്‌ തെറ്റായിപ്പോയി എന്ന് ഒരു ഖേദപ്രകടനം നടത്താനും മറന്നില്ല ന്യൂസ്‌ ഓഫ് ദി വേള്‍ഡ് പ്രസാധകര്‍. ഇനി ഇതിനു പകരം ദി സണ്‍ പത്രം പുതിയ സണ്‍‌ഡേ എഡിഷന്‍ ഇറക്കും എന്ന് പറഞ്ഞു കേള്‍ക്കുന്നു. മര്‍ഡോക് ആരാ മോന്‍.

വാര്‍ത്തകള്‍ സൃഷ്ടിക്കാനും, പ്രചാരം കൂട്ടാനും മറ്റുമുള്ള ശ്രമങ്ങള്‍ക്കിടയില്‍ നമ്മുടെ മാധ്യമങ്ങളും ഒരു കൊച്ചു ന്യൂസ്‌ ഓഫ് ദി വേള്‍ഡ് ആകുന്നില്ലേ എന്ന് ഒരു സംശയം. ടി ആര്‍ പി റേറ്റിങ്ങുകള്‍ക് അപ്പുറം മാനുഷിക മൂല്യങ്ങള്‍ക്ക് വില നല്‍കുന്ന ഒരു മാധ്യമ സംസ്കാരം ഇവിടെ ഉണ്ടാവേണ്ടതല്ലേ? ഒരു വിവാദം ഉണ്ടാകുമ്പോള്‍ തന്നെ ആരെയെങ്കിലും കണ്ടു പിടിച്ചു കുറ്റക്കാരനായി ചിത്രീകരിക്കയും പിന്നീട് അവര്‍ അല്ല കുറ്റക്കാര്‍ എന്ന് തെളിയുമ്പോള്‍ ഒരു ക്ഷമാപണം പോലും പറയാതെ പുതിയ പ്രതികള്‍ക്ക് പുറകെ പോകുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നുണ്ടോ ആവോ തങ്ങള്‍ കാരണം സമൂഹത്തില്‍ പ്രതിയായി നില്‍ക്കേണ്ടി വന്ന ആ വ്യക്തികളുടെ മാനസികാവസ്ഥയും അവര്‍ സമൂഹത്തില്‍ നേരിടേണ്ടി വരുന്ന ഒറ്റപ്പെടുത്തലുകളെ പറ്റിയും?

ന്യൂസ്‌ ഓഫ് ദി വേള്‍ഡ് പത്രത്തിന് സംഭവിച്ച മൂല്യച്യുതി നമ്മുടെ ഒരു മാധ്യമത്തിനും സംഭവിക്കാതിരിക്കട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. സെന്‍സേഷണല്‍ പത്രപ്രവര്‍ത്തനേക്കാള്‍ സെന്‍സ് ഉള്ള പത്രപ്രവര്‍ത്തനത്തിനു ആണ് ഇന്നത്തെ കാലത്ത് പ്രസക്തി. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് അതിന്‍റെ വിശ്വാസ്യത ഉറപ്പു വരുത്തുന്ന ഒരു മാധ്യമ സംസ്കാരം ഇവിടെ ഉടലെടുത്തു വരണം. നമ്മുടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അതിനു സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...