2011 ജൂലൈ 8, വെള്ളിയാഴ്‌ച

ഒരു ലക്ഷം കോടിയും; മൂന്നു കോടി ജനങ്ങളും


ഒരു ലക്ഷം കോടി എന്ത് ചെയ്യും എന്നുള്ള ചര്‍ച്ച കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം ആണല്ലോ?? കഴിഞ്ഞ ആഴ്ച നാട്ടില്‍ വന്നപ്പോള്‍ ആകെക്കൂടെ കേള്‍ക്കാന്‍ ഉണ്ടായിരുന്നത് നിധിയെ പറ്റി മാത്രം!!! ടിവി വച്ചാല്‍ ന്യൂസ്‌ ചാനലുകളില്‍ എല്ലാം നിധി എന്ത് ചെയ്യണം എന്നാ ചര്‍ച്ച മാത്രം. സ്വാശ്രയ പ്രശ്നത്തിന് ഒക്കെ ഗ്ലാമര്‍ കുറഞ്ഞ പോലെ. വിദ്യാഭാസ കച്ചവടം നടത്തി ജീവിക്കുന്ന പാവം അച്ചന്മാരും മുതലാളിമാരും, അതിന്‍റെ പേരില്‍ ടിവിയില്‍ നിറഞ്ഞു നിന്നിരുന്ന രാഷ്ട്രീയക്കാരും ഒക്കെ ഒറ്റ ആഴ്ച കൊണ്ട് രണ്ടാം നിരയിലേക്ക് താഴ്ത്തപ്പെട്ടു. യുക്തിവാദികളും, ചരിത്രകാരന്മാരും തുടങ്ങി പഴയ ആക്രി സാധനങ്ങള്‍ പെറുക്കി നടന്നവരെ വരെ നിധിയുടെ മൂല്യം കണ്ടു പിടിക്കാന്‍ ചാനലുകാര്‍ ചര്‍ച്ചകള്‍ക്ക് പിടിച്ചിരുത്തി ഒറ്റ ആഴ്ച കൊണ്ട് സ്റ്റാര്‍ ആക്കി കളഞ്ഞു. എങ്കില്‍ പിന്നെ ഞാന്‍ മാത്രം എന്തിനു വെറുതെയിരിക്കണം? ഇന്നാ പിടിച്ചോ നിധിയെ പറ്റി ഒരു പോസ്റ്റ്‌..

ഇനി സ്വല്പം ചരിത്രം. 3 ജനുവരി 1750ഇല്‍ അന്നത്തെ രാജാവായിരുന്ന മാര്‍ത്താണ്ഡ വര്‍മ്മ തിരുവിതാംകൂര്‍ രാജ്യവും സര്‍വ സ്വത്തുക്കളും പദ്മനാഭ സ്വാമിക്ക് സമര്‍പ്പിച്ചു. അന്ന് മുതല്‍ താനും തന്‍റെ അനന്തരവകാശികളും പദ്മനാഭ ദാസര്‍ എന്ന പേരില്‍ രാജ്യത്തെ സേവിക്കും എന്നും പ്രതിജ്ഞ ചെയ്തു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ അന്നത്തെ തിരുവിതാംകൂര്‍ രാജാവിന്‌ രാജപ്രമുഖന്‍ എന്ന പദവി നല്‍കിയെങ്കിലും അദ്ദേഹം പദ്മനാഭ ദാസന്‍ എന്ന പേരില്‍ തന്നെ തുടര്‍ന്നും അറിയപ്പെട്ടു. ഇനി നിധി എങ്ങനെ അവിടെയെത്തി എന്നതിനെ പറ്റി ചരിത്രകാരന്മാര്‍ എന്ത് പറയുന്നു എന്ന് പറയാം; 1789 ഇല്‍ ടിപ്പു സുല്‍ത്താന്‍ മലബാര്‍ കീഴടക്കി ധാരാളം ക്ഷേത്രങ്ങള്‍ നശിപ്പിക്കുകയും, തൃശ്ശൂരിനെ തന്‍റെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നാക്കുകയും ചെയ്തു. ഈ നടപടി തിരുവിതാംകൂര്‍ രാജ്യത്തിന്‌ ഒരു ഭീഷണിയായി. ഇതോടു കൂടെ ടിപ്പുവിന്‍റെ ആക്രമണം ഭയന്ന് അന്നത്തെ തിരുവിതാംകൂര്‍ രാജാവായ ധര്‍മ രാജാ സ്വത്തുക്കളെല്ലാം പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ രഹസ്യ അറകളില്‍ ഒളിപ്പിച്ചു വച്ചു. 1790 ഇല്‍ ടിപ്പു തൃശ്ശൂരില്‍ നിന്ന് പിന്മാറിയെങ്കിലും നിധി രഹസ്യ നിലവറകളില്‍ തന്നെ ധര്‍മ രാജയും പിന്‍ഗാമികളും സൂക്ഷിച്ചു. രാജ്യത്തിന്റെ നിലനില്‍പ്പ്‌ പോലും അപകടത്തില്‍ ആവുന്ന സമയങ്ങളില്‍ പോലും ഈ നിധിയില്‍ തൊടാന്‍ രാജവംശം കൂട്ടാക്കിയില്ല എന്നത് പദ്മനാഭ സ്വാമിയോടുള്ള അവരുടെ യഥാര്‍ത്ഥ ഭക്തിയും സത്യസന്ധതയും വെളിവാക്കുന്നു. ജനങ്ങളെ സേവിക്കാന്‍ വേണ്ടി തിരഞ്ഞെടുത്തു വിടുന്ന ഭരണാധികാരികളും ഉദ്യോഗസ്ഥരും ഇത് പോലെ ആയിരുന്നെങ്കില്‍ ഈ നാട് എന്നേ നന്നായേനെ.

ഇനി വര്‍ത്തമാന കാലത്തേക്ക്. പദ്മനാഭന്‍ ദാസ്‌ എന്ന ക്ഷേത്രത്തിലെ ഉദ്യോഗസ്ഥന്‍ നടത്തിയ വെളിപ്പെടുത്തലുകളില്‍ കൂടെയാണ് നിധി ആദ്യം വിവാദത്തില്‍ പെട്ടത്. 2002 ഇല്‍ രാജവംശത്തില്‍ പെട്ട ഒരാള്‍ ഈ നിലവറകള്‍ തുറക്കുകയും നിധി കാണുകയും ചെയ്തു എന്നും. ഇത് മാധ്യമങ്ങളെയും മറ്റു അധികൃതരെയും അറിയിക്കാന്‍ ശ്രമിച്ചതിന്‍റെ പേരില്‍ തന്നെ ചിലര്‍ ആക്രമിച്ചു എന്നും ആയിരുന്നു ആ വെളിപ്പെടുത്തല്‍. അഡ്വക്കേറ്റ് ടി.പി സുന്ദരരാജന്‍ ക്ഷേത്രവും അനുബന്ധ സ്വത്തുക്കളും സംസ്ഥാനം ഏറ്റെടുക്കണം എന്ന് ഹര്‍ജി സമര്‍പ്പിച്ചപ്പോള്‍ ആണ് വീണ്ടും മാധ്യമ ശ്രദ്ധ ഈ പ്രശ്നത്തിലേക്ക് തിരിഞ്ഞത്. അദ്ദേഹത്തിന് അനുകൂലമായ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു എങ്കിലും ക്ഷേത്രത്തിലെ നിലവറകള്‍ തുറന്നു അതിലെ സ്വത്തുക്കളുടെ കണക്കെടുക്കാന്‍ ഒരു കമ്മീഷനെ നിയമിച്ചു. ഒരു നിലവറ ഇനി തുറക്കാന്‍ ഇരിക്കെ തന്നെ നിധിയുടെ മൂല്യം ഒരു ലക്ഷം കോടിയോടടുക്കുകയും ചെയ്തു.

നിധിയുടെ മൂല്യത്തെ പറ്റി അറിഞ്ഞു തുടങ്ങിയതോടു കൂടെ ചര്‍ച്ചകളും സജീവമായി. നിധി സംസ്ഥാനത്തിന്റെ പൊതു സ്വത്താണെന്നും അതിനാല്‍ തന്നെ നിധിയില്‍ ഉള്ളതെല്ലാം വിറ്റു പെറുക്കി റോഡും തോടും തുടങ്ങി ബിവറേജസിന്‍റെ ഔട്ലെറ്റ് വരെ തുടങ്ങണം എന്ന് ചിലര്‍. നിധി ഹിന്ദു സമൂഹത്തിന്റെ ആണെന്നും അതിനാല്‍ തന്നെ എന്ത് ചെയ്യണം എന്ന് ഞങ്ങള്‍ തീരുമാനിക്കും എന്നും മറ്റു ചിലര്‍. നിധി ഇപ്പൊ വീതിച്ചു കിട്ടും എന്ന് കരുതി ഒരു ലക്ഷം കോടിയെ മൂന്നു കോടിയുമായി ഹരിച്ചു നോക്കാന്‍ കാല്‍ക്കുലെറ്റര്‍ എടുത്തു മറ്റു ചിലര്‍. അങ്ങനെ ആര്‍ക്കും വേണ്ടാതെ നിലവറയില്‍ ഭദ്രമായി ഇരുന്ന നിധിക്ക് മൂന്നു കോടി അവകാശികള്‍ ഉണ്ടായി.

ഇതിനിടക്ക്‌ മലയാളീ അവന്‍റെ സ്വന്തം സ്വഭാവം കാണിക്കുകയും ചെയ്തു. നിധി സംസ്ഥാനത്തിന്റെ സ്വത്താക്കണം എന്ന് വാദിച്ച യുക്തിവാദി നേതാവിന്‍റെ വീടിനു നേരെ കല്ലെറിഞ്ഞും ബൈക്ക് തകര്‍ത്തും നിധി സംരക്ഷിക്കാന്‍ ഉള്ള തങ്ങളുടെ പ്രതിബദ്ധത വെളിവാക്കി ചിലര്‍. അദ്ദേഹം അങ്ങനെ പറഞ്ഞതിന്റെ പേരില്‍ നിധി സംസ്ഥാന സ്വത്തൊന്നും ആക്കാന്‍ പോകുന്നില്ല എന്ന് കൊച്ചു കുട്ടികള്‍ക്ക് വരെ അറിയാം എന്നിരിക്കെ ഇത്തരം അസഹിഷ്ണുത കാണിച്ചത് കൊണ്ട് ആര്‍ക്കു എന്ത് നേട്ടം എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. അതോ ഇനി അബദ്ധത്തില്‍ എങ്ങാനും അങ്ങനെ ആക്കിയാലോ എന്ന് പേടിച്ചിട്ടാണോ ആവോ? ആര്‍ക്കറിയാം!! ഒരു ജനാധിപത്യ രാഷ്ട്രം എന്ന നിലക്ക് അഭിപ്രായ സ്വാതന്ത്ര്യം ഓരോ പൌരനും അവന്‍റെ മൌലിക അവകാശമായുള്ള രാജ്യം ആണല്ലോ ഇന്ത്യ. അത് പോലും അംഗീകരിക്കാന്‍ കഴിയാത്തവരായി മലയാളി മാറി എന്നതില്‍ നാം ഓരോരുത്തരും ലജ്ജിക്കേണ്ടിയിരിക്കുന്നു.

അങ്ങനെ നിധി വീതിച്ചു കിട്ടുന്ന കാശു വാങ്ങി പുട്ടടിക്കാം എന്ന് പ്ലാന്‍ ഇട്ട എല്ലാവരോടും അതിനു വച്ച വെള്ളം അങ്ങ് വാങ്ങി വച്ചേര് എന്നും നിധിയോന്നും തരുമെന്ന് ഞങ്ങളുടെ പ്രകടന പത്രികയില്‍ ഇല്ലായിരുന്നു എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് നിധി ക്ഷേത്രത്തില്‍ തന്നെ സംരക്ഷിക്കും എന്ന നിലപാട് സര്‍ക്കാരും എടുത്തു. എന്തായാലും നിധിയുടെ പേരില്‍ ഉണ്ടാകാമായിരുന്ന ഒരു പിടി തര്‍ക്കങ്ങള്‍ക്ക് തല്ക്കാലത്തേക്കെങ്കിലും അവസാനമിട്ട സര്‍ക്കാരിന്‍റെ ആ തീരുമാനത്തിന് 100 മാര്‍ക്ക്.

ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ ഒരു ക്ഷേത്രത്തില്‍ ഇത്ര അധികം മൂല്യം ഉള്ള ഒരു നിധി ഇന്നും ഭദ്രമായി ഇരിക്കുന്നു എന്നതില്‍ നമുക്ക് ഓരോരുത്തര്‍ക്കും അഭിമാനിക്കാം അല്ലാതെ നിധിയുടെ പേരില്‍ കലഹങ്ങളും ആക്രമണങ്ങളും മറ്റും ഉണ്ടാക്കിയിട്ട് ആര്‍ക്കു എന്ത് ഗുണം? ക്ഷേത്രത്തിലെ നിലവറയില്‍ തന്നെ അത് ഭദ്രമായി ഇരുന്നോട്ടെ. ഈ നിധി സംസ്ഥാന സ്വത്താക്കിയത് കൊണ്ട് മാത്രം ഇവിടെ ഒരു പ്രശ്നങ്ങളും തീരാന്‍ പോകുന്നില്ല. ഇവിടെ നികുതി വെട്ടിക്കുന്ന കൊച്ചു കള്ളന്മാരുടെയെല്ലാം കള്ളപ്പണം പിടിച്ചെടുത്താല്‍ തന്നെ കാണും ഇതിന്‍റെ പല ഇരട്ടി കോടികള്‍. അനര്‍ഹരുടെ കയ്യില്‍ പെടാതെ ആ നിധി അതിന്‍റെ എല്ലാ പ്രൌഡിയോടും കൂടെ എങ്ങനെ സൂക്ഷിക്കാം എന്നതിനെ പറ്റി ആവട്ടെ ഇനി നമ്മുടെ ചിന്തകള്‍. മതത്തിന്‍റെ പേരില്‍ വാളെടുക്കുന്നതിനു മുന്‍പ് സഹോദരാ ഒരു നിമിഷം ചിന്തിക്കൂ മറ്റൊരുവന് ദോഷം ചെയ്യണം എന്ന് നിങ്ങളുടെ മതം പഠിപ്പിച്ചിട്ടുണ്ടോ എന്ന്.

N B : ആദ്യമായി ആണ് ഒരു സീരിയസ് വിഷയത്തെ പറ്റി പോസ്റ്റ്‌ ഇടുന്നത്. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും രേഖപ്പെടുത്തും എന്ന് വിശ്വസിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...