2011 ജൂലൈ 5, ചൊവ്വാഴ്ച

ഓര്‍മ്മക്കുറിപ്പുകള്‍ : കിട്ടാത്ത പേരയ്ക്ക പുളിക്കും


ഒന്‍പതാം ക്ലാസ്സിലെ എന്‍റെ മികച്ച റിസള്‍ട്ട്‌ കണ്ടിട്ട് ഇവന്‍ ഈ പോക്ക് പോയാല്‍ പത്താം ക്ലാസ്സ്‌ പസ്സാകില്ല എന്ന് വീട്ടുകാര്‍ ഉറപ്പിച്ച കാലം. സി.ബി.എസ്.ഈ സ്കൂളില്‍ നിന്ന് എന്‍റെ നാട്ടിലെ തന്നെ കേരള സില്ലബസ് സ്കൂളിലേക്ക് എന്നെ വീട്ടുകാര്‍ മാറ്റി (അങ്ങനെയെങ്കിലും ഞാന്‍ പാസ്‌ ആകട്ടെ എന്ന് കരുതിയിട്ട്‌). പുതിയ സ്കൂള്‍ അടുത്ത് തന്നെ ആയതിനാല്‍ ഡെയിലി പോക്കും വരവും എല്ലാം സൈക്കിളില്‍ ആക്കി ഞാന്‍.

പ്രകൃതിയില്‍ ഉള്ളതെല്ലാം നമുക്കാസ്വദിക്കാനായി ദൈവം സൃഷ്ടിച്ചതാണ് എന്ന് ആണ് പണ്ടേ എന്‍റെ വിശ്വാസം (അത് വേറെ ആരുടെയെങ്കിലും വസ്തുവില്‍ നില്‍ക്കുന്ന പൂവോ ഫ്രൂട്സോ ഒക്കെയാണെങ്കില്‍ പോലും). അങ്ങനെ ഒരു ദിവസം സ്കൂളില്‍ നിന്ന് സൈക്കളില്‍ മടങ്ങി പോയ്ക്കൊണ്ടിരുന്നപ്പോള്‍ ആണ് ഞാന്‍ ആ കാഴ്ച കണ്ടത് റോഡ്‌ സൈഡിലെ വീടിന്റെ മുറ്റത്ത്‌ നില്‍ക്കുന്ന പേര മരത്തിന്റെ ഒരു കൊമ്പ് റോഡിന്‍റെ മുകളിലേക്ക് നീണ്ടു കിടക്കുന്നു. അതിലാവട്ടെ നല്ല വിളഞ്ഞ ഒരു പേരയ്ക്കയും. സര്‍ക്കാര്‍ ഭൂമിയിലേക്കുള്ള പേരക്കയുടെ കയ്യേറ്റം ഒഴിപ്പിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. പക്ഷെ ഒരു കുഴപ്പം, എനിക്ക് എത്താന്‍ പറ്റുന്ന ഉയരത്തില്‍ അല്ല പേരയ്ക്ക!! എന്നാല്‍ എന്‍റെ സൈക്കിളില്‍ നിന്ന് എത്തിയാല്‍ ആ പേരയ്ക്ക പറിക്കാന്‍ പറ്റും താനും.

ഒടുവില്‍ സൈക്കിള്‍ ചവുട്ടി അതിന്റെ താഴെ എത്തുമ്പോള്‍ ചാടി പേരയ്ക്ക പറിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അങ്ങനെ ചാടിയപ്പോള്‍, ഞാന്‍ പേരയ്ക്ക പറിക്കാന്‍ ചാടുന്ന കാര്യം ഒന്നും അറിയാത്ത ഭാവത്തില്‍ സൈക്കിള്‍ അതിന്റെ വഴിക്കും പേരയ്ക്കയും ഞാനും ഗുരുത്വാകര്‍ഷണ ശക്തിയാല്‍ റോഡിലേക്കും വീണു. കൂട്ടുകാരുടെ കളിയാക്കി ചിരികള്‍ക്കിടയിലൂടെ പഞ്ചര്‍ ആയ കയ്യില്‍ പേരയ്ക്ക ഒരു ട്രോഫി പോലെ പിടിച്ചു സൈക്കിളും ഉരുട്ടി ഞാന്‍ ഈ നാട്ടുകാരന്‍ അല്ലേ എന്ന ഭാവത്തില്‍ ഞാന്‍ നടന്നു നീങ്ങി. എന്‍റെ അടുത്താ കളി.. അല്ല പിന്നെ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...